കാസർകോട്: കാസർകോടിന്റെ സ്വന്തം കുറിഞ്ഞി ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പൂത്തുലഞ്ഞു. അപൂർവ്വ കാഴ്ച കാണാൻ നിരവധി പേർ എത്തി കൊണ്ടിരിക്കുന്നു. പെരിയ ആയംപാറയിലെ കണ്ണാലയം നാരായണന്റെ തോട്ടത്തിലാണ് ജോമി കുറിഞ്ഞി ഇത്തവണ വ്യാപകമായി പൂത്തത്. ഈ മനോഹര ദൃശ്യം കാണാൻ ഡോ. ജോമി അഗസ്ത്യൻ കഴിഞ്ഞ ദിവസം ആയംപാറയിലെത്തി. പാലാ സെന്റ് തോമസ് കോളേജിലെ മുൻ ബോട്ടണി വിഭാഗം തലവനായ ഇദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് ജോമി കുറിഞ്ഞിയെന്ന പേര് നൽകിയത്. അടുത്തിടെ ബംഗ്ളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടം ശാസ്ത്രകാരന്മാർ നടത്തിയ പഠനത്തിൽ അർബുദ ചികിത്സയ്ക്ക് നാഴികകല്ലായി മാറിയേക്കാവുന്ന ഘടകങ്ങൾ ജോമി കുറിഞ്ഞിയിൽ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതോടെ കാസർകോടിന്റെ തനത് കുറിഞ്ഞി ഇനത്തിന് ഭാവിയിൽ വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയായ സംഭാവന നൽകാൻ കഴിയുമെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ പ്രതീക്ഷ.
