മംഗളൂരു: ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ആളെ പൊലീസ് പിടികൂടി. തമിഴ് നാട് വെല്ലൂര്‍ സ്വദേശി ശശികുമാറി(38)നെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റുചെയ്തത്. ആഗസ്ത് 29 നാണ് ഇയാള്‍ വിമാനത്താവളത്തിലേക്ക് ഫോണ്‍ വിളിച്ചത്. ടെര്‍മിനല്‍ മാനേജരെ വിളിച്ച് വിമാനത്താവളത്തിന്റെ ആളുകളെ ഉടന്‍ ഒഴിപ്പിക്കണമെന്നും അല്ലെങ്കില്‍ അത് പൊട്ടിത്തെറിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ടെര്‍മിനല്‍ മാനേജര്‍ അപ്പോള്‍ തന്നെ ബജ്പെ പൊലീസിനെ വിവരമറിയിച്ചു. പൊലീസും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരും ടെര്‍മിനല്‍ കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ കോള്‍ വ്യാജമാണെന്ന് കണ്ടെത്തി. കേസെടുത്ത പൊലീസ് വിളിച്ചയാളെ തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ നിന്ന് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ രാജ്യത്തെ പല വിമാനത്താവളത്തിലും ഇയാള്‍ ഭീഷണിമുഴക്കിയതായി തെളിഞ്ഞു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളുടെ നമ്പറുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ശേഖരിച്ച് ഭീഷണിപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി. (ബിഎന്‍എസ്) സെക്ഷന്‍ 351(2), 351(3), 1982 ലെ സിവില്‍ ഏവിയേഷന്‍ സുരക്ഷയ്ക്കെതിരായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തല്‍ നിയമത്തിലെ സെക്ഷന്‍ 3(1)(ഡി) എന്നിവ പ്രകാരം യുവാവിനെതിരെ കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതി ശശികുമാര്‍ ബി.ഫാര്‍മസി ബിരുദധാരിയും അവിവാഹിതനുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
