കാസര്‍കോട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഗിന്നസ് റെക്കോര്‍ഡിന് കാത്തിരിക്കുകയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട്, കരുവളത്തെ പവിത്രന്റെ മകന്‍ ശ്രീഹരി (21)യാണ് മരിച്ചത്. പടന്നക്കാട്ടെ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. എസ്എഫ്‌ഐ നെഹ്‌റു കോളേജ് യൂണിറ്റ് വൈസ് പ്രസിഡണ്ടാണ് ശ്രീഹരി. നിര്യാണത്തില്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു.ഞായറാഴ്ച രാവിലെ 11 മണിക്കും രാത്രി എട്ടുമണിക്കും ഇടയില്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. ഉടന്‍ താഴെയിറക്കി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരു വിരലില്‍ ഒരു മണിക്കൂര്‍ നേരം നിര്‍ത്താതെ പുസ്തകം കറക്കിയതിനാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. ദുര്‍ഗാ സ്‌കൂളില്‍ പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. ഗിന്നസ് ബുക്കില്‍ കൂടി ഇടം നേടാനുള്ള കാത്തിരിപ്പിനിടയിലാണ് ശ്രീഹരി വിട വാങ്ങിയത്. കാരണം എന്താണെന്നു വ്യക്തമല്ല. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ശാന്തിയാണ് മാതാവ്. ശ്രീക്കുട്ടി ഏക സഹോദരി.
