മാണ്ഡ്യ: വിവാഹം മുടങ്ങിയതില്‍ മനം നൊന്ത് 26കാരി ഓഫീസിനകത്ത് അമിതമായി ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി. മാണ്ഡ്യ ജില്ലയിലെ കെ ആര്‍ പേട്ടയിലാണ് സംഭവം. വലഗരെ സ്വദേശിനിയും കിക്കേരി, കര്‍ഷക സമ്പര്‍ക്ക കേന്ദ്രം ജീവനക്കാരിയുമായ കാവ്യ (26)യാണ് മരിച്ചത്. യുവതിയും ഹാസന്‍ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം 15 ദിവസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നു യുവാവിന്റെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം പിന്‍മാറി. ഇതില്‍ മനം നൊന്ത കാവ്യ ഓഫീസില്‍ വച്ച് അമിതമായി ഉറക്ക ഗുളിക കഴിക്കുകയായിരുന്നു. ഓഫീസിനകത്ത് അവശനിലയില്‍ കാണപ്പെട്ട കാവ്യയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.
