ഗുരുഗ്രാം: തലയറുത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ഗൃഹനാഥന്റേതെന്ന് കരുതി സംസ്‌കരിച്ചതിന് പിന്നാലെ വന്‍ വഴിത്തിരിവ്. അടുത്ത ദിവസം ആള്‍ തിരിച്ചെത്തിയതോടെയാണ് മൃതദേഹം ആളുമാറി സംസ്‌കരിച്ചെന്ന് വീട്ടുകാര്‍ക്ക് മനസിലായത്. ഡല്‍ഹിയിലെ മുഹമ്മദ്പൂരിലാണ് സംഭവം. സെപ്റ്റംബര്‍ ഒന്നിനാണ് തന്റെ പിതാവ് പൂജന്‍(47) പ്രസാദിനെ ഒരാഴ്ചയിലേറെയായി കാണാനില്ലെന്ന് പറഞ്ഞ് മകന്‍ സന്ദീപ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആഗസ്ത് 28 ന് പൂജന്റെ വീട്ടില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെനിന്നും ഒരു മൃതദേഹം കണ്ടെടുത്തതായി പൊലീസ് സന്ദീപ് കുമാറിനെ അറിയിച്ചിരുന്നു. തലയറുത്ത നിലയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിലേക്ക് അന്വേഷണം നീളുകയായിരുന്നു. മൃതദേഹത്തിന്റെ കാലില്‍ കാണാതായ പൂജന്‍ പ്രസാദിന്റെ കാലിലുണ്ടായിരുന്നതിന് സമാനമായ മുറിവ് പാട് കണ്ടെത്തി. കൂടാതെ ഇട്ടിരുന്ന വസ്ത്രങ്ങളും സമാനമായിരുന്നു. ഇതാണ് തെറ്റിധാരണയ്ക്ക് കാരണമായത്. പോസ്റ്റുമോര്‍ട്ടത്തില്‍ ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കണ്ടെത്തി. തല മൃഗങ്ങള്‍ ഭക്ഷിച്ചതാകാമെന്നാണ് സംശയിക്കുന്നത്. തന്റെ പിതാവിന്റെതാണ് മൃതദേഹമെന്ന് അവകാശപ്പെട്ട് സന്ദീപ് പൊലീസിനെ സമീപിച്ചു. പിന്നാലെ മൃതദേഹം പൂജന്റേത് തന്നെയന്ന് കരുതിയ കുടുംബാഗങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി. അടുത്ത ദിവസം കുടുംബത്തിനെ ഞെട്ടിച്ച് കാണാതായയെന്നുപറയുന്ന സാക്ഷാല്‍ പൂജന്‍ പ്രസാദ് വീട്ടിലെത്തി. യമുനയില്‍ ചിതാഭസ്മം ഒഴുക്കാന്‍ പോകുമ്പോഴാണ് ഇയാളെ കണ്ടതായി ബന്ധുകളില്‍ ഒരാള്‍ മക്കളെ വിളിച്ച് അറിയിക്കുന്നത്. പിന്നാലെ പൂജന്‍ വീട്ടില്‍ എത്തിച്ചേരുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തി. മരിച്ച ആള്‍ ആരാണെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സംസ്‌കരിച്ച മൃതദേഹത്തെ പറ്റിയുള്ള അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
