ന്യൂഡല്‍ഹി: ഷൂവില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൈലറ്റ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. ഷൂവിന്റെ മുന്‍വശത്ത് ലൈറ്റര്‍ ആകൃതിയിലുള്ള ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. അറസ്റ്റിലായ ആഗ്ര സ്വദേശി മോഹിത് പ്രിയദര്‍ശി(31)യുടെ ഫോണില്‍ നിന്ന് 74 വീഡിയോകളാണ് കണ്ടെടുത്തത്. പൈലറ്റ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു യുവതി പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് പൈലറ്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. അവിവാഹിതനാണ് പിടിയിലായ പൈലറ്റ്. സ്വന്തം സംതൃപ്തിക്കായി ആണ് ഇത്തരം വീഡിയോകള്‍ നിര്‍മ്മിച്ചതെന്ന് പൊലീസിനോട് യുവാവ് സമ്മതിച്ചു. ആഗസ്ത് 30 ന് രാത്രി 10.20 ഓടെ കിഷന്‍ഗഡ് ഗ്രാമത്തിലെ ഷാനി ബസാറിലെത്തിയപ്പോള്‍, ബാത്‌റൂമിന് സമീപത്തുണ്ടായിരുന്ന യുവാവിന്റെ പെരുമാറ്റം കണ്ട് യുവതി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തന്റെ സ്വകാര്യ ഭാഗങ്ങള്‍പകര്‍ത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് ആരോപിച്ച് അവര്‍ പൊലീസില്‍ പരാതി നല്‍കി. പ്രതി വര്‍ഷങ്ങളായി പൈലറ്റായി ജോലി ചെയ്യുന്നുണ്ടെന്നും, വിമാനത്താവളങ്ങളിലോ വിമാനത്തിലോ സഹപ്രവര്‍ത്തകരെയോ മറ്റുള്ളവരെയോ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇയാളുടെ കൈവശമുള്ള 74 വീഡിയോകള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു
