മംഗളൂരു: കാണാതായ യുവാവിന്റെ കേസില്‍ വഴിത്തിരിവ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയുടെ അഴുകിയ മൃതദേഹം സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കില്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ രതുവയിലെ പറംപൂര്‍ സ്വദേശിയായ ഭൂദേവ് മണ്ഡലിന്റെ മകന്‍ മുകേഷ് മണ്ഡലാ(27)ണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലിചെയ്തുവരുന്ന ലക്ഷ്മണ്‍ മണ്ഡല്‍ എന്ന ലഖാന്‍(31) ആണ് കൊലക്കേസില്‍ അറസ്റ്റിലായത്. സൂറത്ത്കലിലെ മൂക് റോഹന്‍ എസ്റ്റേറ്റ് എന്ന ലേഔട്ടില്‍ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. കഴിഞ്ഞ ജൂണ്‍ 24 ന് രാത്രി 9 മണിയോടെയാണ് മുകേഷിനെ കാണാതായത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മുകേഷിന്റെ സഹപ്രവര്‍ത്തകന്‍ ദീപാങ്കര്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആഗസ്ത് 21ന് മുകേഷിന്റെ അഴുകിയ മൃതദേഹം ജോലി ചെയ്തിരുന്ന അതേ എസ്റ്റേറ്റിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ടാങ്കില്‍ നിന്ന് കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും മനഃപൂര്‍വ്വം ഒളിപ്പിച്ചതാണെന്നും പൊലീസ് പറഞ്ഞു. ചേതന്‍ എന്ന നാട്ടുകാരന്റെ മൊഴിയെ തുടര്‍ന്ന് പൊലീസ് ലക്ഷ്മണനെ സംശയിച്ചിരുന്നു. ഇയാളെയും കാണാതായതോടെ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഊര്‍ജിതമായ നീക്കം നടത്തി. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ റാട്ടുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബദോ ഗ്രാമത്തില്‍ വച്ച് ലക്ഷ്മണ്‍ മണ്ഡലിനെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യുന്നതിനായി മംഗളൂരുവിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും മദ്യപിക്കുന്നതിനിടെ ലക്ഷ്മണന്റെ ഭാര്യയുടെ അശ്ലീല വീഡിയോകള്‍ മുകേഷ് തന്റെ മൊബൈല്‍ ഫോണില്‍ കാണിച്ചിരുന്നു. അത് താന്‍ രഹസ്യമായി ചിത്രീകരിച്ചതാണെന്നും മദ്യലഹരിയില്‍ മുകേഷ് വെളിപ്പെടുത്തി. ഇതില്‍ പ്രകോപിതനായ ലക്ഷ്മണ്‍ സമീപത്തുണ്ടായിരുന്ന ഇരുമ്പ് വടി എടുത്ത് മുകേഷിന്റെ തലയില്‍ മാരകമായി അടിച്ചു. കുറ്റകൃത്യം മറച്ചുവെക്കാന്‍ മൃതദേഹം എസ്റ്റേറ്റിലെ എസ്.ടി.പി ടാങ്കില്‍ ഉപേക്ഷിച്ചു. കണ്ടെത്താതിരിക്കാന്‍ പ്ലൈവുഡ് ഷീറ്റ് ഉപയോഗിച്ച് മറച്ചു. വ്യാഴാഴ്ച പൊലീസ് ലക്ഷ്മണനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
