ബംഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എസ്ഐടി അറിയിച്ചിരിക്കുന്നത്. ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട കേരളത്തിലെ ആക്ഷൻ കമ്മറ്റിയുടെ ചെയർമാനാണ് മനാഫ്. കേസിന്റെ ചീഫ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ (SIT) ജിതേന്ദ്ര കുമാർ ദയാമ, ഐ.പി.എസ്സിന് മുന്നിൽ ഹാജരാകാനാണ് മനാഫിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. മുൻപ് വാക്കാലുള്ള അറിയിപ്പുകൾ നൽകിയിട്ടും മനാഫ് ഹാജരായിരുന്നില്ല. ഇതിനെത്തുടർന്നാണ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടീസ് അയച്ചത്. ഷിരൂരിൽ അപകടത്തിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമയാണ് മനാഫ്. ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ നിരവധി മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് മനാഫ് വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. ടി ജയന്തിനൊപ്പം ചേർന്നാണ് മനാഫ് വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്. ഈ വീഡിയോകളുടെ പശ്ചാത്തലത്തിലാണ് മനാഫിനെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ യൂട്യൂബർ സമീറിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ബെൽത്താങ്കടി പൊലീസാണ് സമീറിന്റെ ബംഗളൂരുവിലെ വീട്ടിൽ പരിശോധന നടത്തിയത്. സമീറാണ് ധര്‍മ്മസ്ഥലയെപ്പറ്റി പേടിപ്പെടുത്തുന്ന ഒരു വീഡിയോ ആദ്യമായി തയ്യാറാക്കിയതെന്നാണ് ആരോപണം. വീട്ടിൽ നിന്നും നിന്നും കമ്പ്യൂട്ടറൂം ക്യാമറയും ഹാർഡ് ഡിസ്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചുള്ള പരാതിയിലെടുത്ത കേസിന്റെ ഭാഗമായാണ് നടപടി.ഒരു കോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടത്. അതേസമയം കേസിൽ സമീറിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പിന്നാലെ ഓഗസ്റ്റ് 24ന് സമീർ ബെൽത്തങ്ങാടി പൊലീസിന് മുന്നിൽ ഹാജരാവുകയും ചെയ്തിരുന്നു.
