മംഗ്‌ളൂരു: കാസര്‍കോട് സ്വദേശിയും മംഗളൂരുവില്‍ താമസക്കാരനുമായ യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുക്കുകയും കൈകാലുകള്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചതായും പരാതി. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
കുന്ദാപുരം, വാവുഡ, ബഡാക്കരയിലെ അബ്ദുല്‍ സവാദ് എന്ന അച്ചു (28), ഗുല്‍വാഡയിലെ സൈഫുല്ല (38), ഹാംഗ്‌ളൂരുവിലെ മുഹമ്മദ് നാസിര്‍ ഷെരീഫ് (36), കുന്ദാപുരയിലെ അബ്ദുല്‍ സത്താര്‍ (23), അബ്ദുല്‍ അസീസ് (26), ഷിമോഗ, നാഗോഡിയിലെ അസ്മ(43)എന്നിവരെയാണ് കുന്ദാപുരം പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് സ്വദേശിയും മംഗ്‌ളൂരുവില്‍ താമസക്കാരനുമായ സന്ദീപ് കുമാര്‍ എന്നയാളാണ് അതിക്രമത്തിനു ഇരയായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പരാതിക്കാരന്‍ മൂന്നുമാസം മുമ്പ് കുന്ദാപുരയില്‍ എത്തിയപ്പോള്‍ കേസിലെ മുഖ്യപ്രതിയായ അബ്ദുല്‍ സവാദ് എന്ന അച്ചുവിനെ പരിചയപ്പെട്ടിരുന്നു. ഇയാള്‍ വഴിയാണ് അസ്മയെ സന്ദീപ് കുമാര്‍ പരിചയപ്പെട്ടതെന്നു പറയുന്നു. ചൊവ്വാഴ്ച അസ്മ പരാതിക്കാരനെ ഫോണില്‍ വിളിച്ച് മാല്‍നാട്, പെട്രോള്‍ പമ്പിനു സമീപത്തെ ആര്‍ ആര്‍ പ്ലാസയില്‍ എത്താന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം അവിടെയെത്തിയ പരാതിക്കാരനെ അസ്മ ഓട്ടോയില്‍ കയറ്റി തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. അതിനു ശേഷം മറ്റു പ്രതികളെ അസ്മ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. മുഹമ്മദ് നാസിര്‍ ഷെരീഫ് കത്തി കാണിക്കുകയും സന്ദീപ് കുമാറിനോട് മൂന്നു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പ്രതികള്‍ നൈലോണ്‍ കയര്‍ ഉപയോഗിച്ച് കൈകാലുകള്‍ കെട്ടി മര്‍ദ്ദിച്ചു. തുടര്‍ന്ന് സംഘം സന്ദീപിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 6,200 രൂപ കൈക്കലാക്കി. ബാക്കി തുക ഗൂഗിള്‍പേ വഴി കൈമാറാന്‍ ആവശ്യപ്പെട്ടു. രണ്ടുതവണകളായി ഇതുവഴി 30,000 രൂപ തട്ടിയെടുത്തു. തുടര്‍ന്ന് എ ടി എം കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കി 40,000 രൂപ കൂടി കൈക്കലാക്കി. രാത്രി 11.30 മണിയോടെ വിട്ടയച്ചു. സംഭവത്തില്‍ പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്.
എന്നാല്‍ സന്ദീപ് കുമാര്‍ അപ്പോള്‍ തന്നെ കുന്ദാപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഉഡുപ്പി എസ് പി ഹരിറാം ശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കോട്ടേശ്വരത്തു വച്ച് പിടികൂടിയത്. പ്രതികളില്‍ നിന്നു പത്തും എട്ടും ലക്ഷം രൂപ വില വരുന്ന രണ്ടു കാറുകളും പൊലീസ് പിടികൂടി.
