കാസര്‍കോട്: ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി’ എന്ന പ്രശസ്തമായ പഴയ ചലച്ചിത്രഗാനത്തിന്റ സംസ്‌കൃതം വേര്‍ഷന്‍ പാടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വെള്ളിക്കോത്ത് സ്വദേശിയും ഗായകനുമായ പി വിശ്വംഭരന്‍. 1969 ല്‍ പുറത്തിറങ്ങിയ നദി എന്ന ചിത്രത്തിലെ ഈ ഗാനം അന്നും ഇന്നും ഹിറ്റ് ഗാനം തന്നെയാണ്. വയലാര്‍ രാമവര്‍മയുടെ വരികള്‍ക്ക് ജി ദേവരാജനാണ് സംഗീതം പകര്‍ന്നത്. യേശുദാസ് ആലപിച്ച ഈ ഐതിഹാസിക ഗാനം വിശ്വംഭരന്‍ സംസ്‌കൃത ഭാഷയിലാണ് ആലപിച്ചത്. സംസ്‌കൃതഗാന രചയിതാവ് നെന്മേനി കേശവന്‍ ആണ് സംസ്‌കൃത വരികളെഴുതിയത്. ദുബായിലെ ജോലിത്തിരക്കുകള്‍ക്കിടയിലാണ് പാട്ടിന്റെ റെക്കോര്‍ഡിങ് നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഗാനം പങ്ക് വച്ചതോടെ നിരവധി പേര്‍ പിന്തുണയുമായി എത്തി. കാര്യമായ റിഹേഴ്സലുകളോ ഒന്നുമില്ലാതെ പാടിയിട്ടും പാട്ടിനെ ഗായകന്‍ നെഞ്ചോടു ചേര്‍ത്തുവച്ചതു പോലെ ആസ്വാദകരും നെഞ്ചിലേറ്റി. സംഗീത നിരൂപകന്‍ ജാബിര്‍ പാട്ടില്ലത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പു കൂടി വന്നതോടെ പാട്ട് കൂടുതല്‍ ആസ്വാദകരിലെത്തി. വെള്ളിക്കോത്തെ പരേതരായ പുറവങ്കര കൃഷ്ണന്‍ നായരുടെയും പനയന്തട്ട നാരായണി അമ്മയുടെയും മകനാണ് വിശ്വംഭരന്‍. ഇപ്പോഴും സംഗീത പഠനം തുടരുകയും ചെയ്യുന്നു. ഭാര്യ: പ്രതിഭ വിശ്വംഭരന്‍, മക്കളായ കാളിദാസന്‍, വിശ്വപ്രഭ എന്നിവരെല്ലാം കലാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
