കുമ്പള: മണല്‍കടത്ത് സംഘത്തിനെതിരെ സംസ്ഥാനത്ത് ആദ്യമായി ഭാരതീയ ന്യായസംഹിത 305 -ഇ വകുപ്പനുസരിച്ചു കുമ്പള പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. ആരിക്കാടി റയില്‍വെ അടിപ്പാതക്കടുത്തെ മൂര്‍ത്തോട്ടി മന്‍സൂര്‍ അലി (40), കോയിപ്പാടി പെര്‍വാഡ് ബിസ്മില്ല മന്‍സിലിലെ മുഹമ്മദ് ഷാഫി ജുഫൈര്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പാണ് ബി എന്‍ എസ് 305- ഇ. പ്രതികളെ കോടതി റിമാന്റ് ചെയ്തു. പ്രതികള്‍ക്ക് ഏഴുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റത്തിനാണ് കേസ്.
2023ല്‍ നിലവില്‍വന്ന ഭാരതീയ ന്യാസ സംഹിത 305-ഇ വകുപ്പനുസരിച്ചു ജനവാസ സ്ഥലങ്ങള്‍, വഴികള്‍, ആരാധനാലയങ്ങള്‍, അവയുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന മോഷണക്കുറ്റമാണ് ഈ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 31-ന് വൈകിട്ട് സര്‍ക്കാര്‍ സ്ഥാപനമായ കേരള മാരി ടൈംബോഡിന്റെ അഴിമുഖത്തു നിന്ന് ഇരുവരും ചേര്‍ന്നു മണല്‍ കടത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ ജിജീഷ്, എസ് ഐ ശ്രീജേഷ്, സി പി ഒ ചന്ദ്രന്‍, ഡ്രൈവര്‍ അജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
