ഇന്‍ഡോര്‍: ഐസിയുവില്‍ എലിയുടെ കടിയേറ്റ നവജാത ശിശുക്കളില്‍ ഒരാള്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജ യശ്വന്ത്‌റാവുവിലാണ് സംഭവം. രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും തലയിലുമാണ് എലികള്‍ കടിച്ചത്. കഴിഞ്ഞ ആഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളെയാണ് നവജാത ശിശുക്കള്‍ക്കായുള്ള ഐസിയുവില്‍ വച്ച് എലി കടിച്ചത്. സംഭവത്തില്‍ രണ്ട് നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തു. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, എലിയുടെ കടിയല്ല മരണകാരണമെന്നും, ആരോഗ്യനില മോശമായതിനാലാണ് കുഞ്ഞ് മരിച്ചതെന്നും ആശുപത്രി അധികൃതര്‍ വാദിച്ചു. മരിച്ച കുഞ്ഞിന്റെ നില ഗുരുതരമാണെന്നും കുഞ്ഞിന്റെ ഭാരം 1.2 കിലോഗ്രാം മാത്രമാണെന്നും ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞു. മധ്യപ്രദേശിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലാണ് സംഭവം. ഒരു കുഞ്ഞിന്റെ വിരലുകളിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്. പരിക്കേറ്റ നവജാത ശിശുക്കളെ കണ്ട നഴ്‌സുമാരാണ് ആശുപത്രി അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ നവജാത ശിശുക്കള്‍ക്ക് സമീപം എലികളെ കണ്ടെത്തി. രണ്ടാമത്തെ കുഞ്ഞിന് ശസ്ത്രക്രിയ കഴിഞ്ഞു, ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായത്തില്‍ സുരക്ഷിതനാണെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ആശുപത്രി ഭരണസമിതി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. നഴ്സുമാരായ ആകാന്‍ഷ ബെഞ്ചമിന്‍, ശ്വേത ചൗഹാന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആറ് അംഗ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.
