കാസര്‍കോട്: വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ബന്ധുവിനൊപ്പം വിട്ടയക്കുകയും ചെയ്ത യുവാവിനെ കൊലപ്പടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുഞ്ചത്തൂര്‍, ഉദ്യാവര്‍ മാടയിലെ അഹമ്മദ് നൗഫലിനെ(33)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
മീഞ്ച, മദക്കളയിലെ പരേതനായ അബ്ദുള്ളയുടെ മകന്‍ മൊയ്തീന്‍ ആരിഫ് (21) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. എട്ടു പ്രതികളുള്ള കേസില്‍ മൂന്നുപേരെ പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ നൗഫല്‍ കൂടി അറസ്റ്റിലായതോടെ പിടിയിലായ പ്രതികളുടെ എണ്ണം നാലായി. മറ്റു നാലു പ്രതികള്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
2024 മാര്‍ച്ച് നാലിനാണ് മൊയ്തീന്‍ ആരിഫിനെ വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീട്ടിലെത്തിച്ച മൃതദേഹം കണ്ട നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
മൊയ്തീന്‍ ആരിഫിനെ അബോധാവസ്ഥയില്‍ കാണപ്പെട്ടതിന്റെ തലേന്നാള്‍ ഇയാളെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കഞ്ചാവ് ലഹരിയില്‍ വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്നു നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. അന്നു രാത്രി തന്നെ ബന്ധുവിനെ സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയും കൂടെ വിട്ടയക്കുകയും ചെയ്തിരുന്നു. ഇരുവരും ഇരുചക്ര വാഹനത്തിലാണ് വീട്ടിലേയ്ക്ക് മടങ്ങിയത്. അന്നു രാത്രി മൊയ്തീന്‍ ആരിഫിനെ വീട്ടില്‍ എത്തിച്ച സമയത്ത് ദേഹത്ത് പരിക്കുണ്ടായിരുന്നു. ഇരുചക്ര വാഹനത്തില്‍ നിന്നു വീണാണ് പരിക്കേറ്റതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അതിനാല്‍ ആരും സംശയിച്ചിരുന്നില്ല. പിന്നീട് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈകുന്നേരത്തോടെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. മൃതദേഹത്തില്‍ പരിക്ക് കണ്ടതിനാല്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം മംഗല്‍പ്പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പൊലീസ് പരിശോധനയില്‍ മൃതദേഹത്തില്‍ പരിക്കുകള്‍ ഉള്ളതായി സ്ഥിരീകരിച്ചു. തുടര്‍ന്നാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
