തിരുവനന്തപുരം: ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി ലഭിച്ചു. ഒരു വ്യാഴവട്ടക്കാലം മുമ്പ് 2013 നവംബര്‍ 30 ന് അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ട കാസര്‍കോട് മെഡിക്കല്‍ കോളേജ് ഈ അധ്യായന വര്‍ഷം തന്നെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കോളേജില്‍ 50 എംബിബിഎസ് സീറ്റ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടൊപ്പം വയനാട് മെഡിക്കല്‍ കോളേജിനും കേന്ദ്ര മെഡിക്കല്‍ കമ്മിഷന്‍ 50 സീറ്റ് അനവദിച്ചതായും മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് നിലവില്‍ വന്നതായും മന്ത്രി പറഞ്ഞു. ഇക്കൊല്ലത്തെ നീറ്റ് പരീക്ഷാ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാം. കാസര്‍കോട് മെഡിക്കല്‍ കോളേജിലെ ആശുപത്രി കാസര്‍കോട് ജനറല്‍ ആശുപത്രിയാണ്. ജനറല്‍ ആശുപത്രി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.
