ഫറൂഖാബാദ്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കില്‍ വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് യുവതി പലതവണ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കൊലചെയ്തതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. നാലു കുട്ടികളുടെ മാതാവായ സ്ത്രീ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഫില്‍ട്ടര്‍ ഫോട്ടോയിട്ടിരുന്നു. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ച 26 കാരന്‍ അവരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇന്‍സ്റ്റയിലെ പരിചയത്തിന് ശേഷം രണ്ട് മാസം മുന്‍പ് ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറി. ദിവസവും മണിക്കൂറോളം ഫോണില്‍ സംസാരിച്ചിരുന്ന ഇരുവരും ഇതിനിടെ പലതവണ നേരില്‍ കാണുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിനിടെ 52 കാരി നിര്‍ബന്ധിച്ച് ഒന്നരലക്ഷം രൂപ രജ്പുതിന് കടമായി നല്‍കിയിരുന്നു. നേരില്‍ കണ്ട് സംസാരിക്കുന്നതിനിടെയാണ് സ്ത്രീയുടെ പ്രായവും നാലുകുട്ടികളുള്ള കാര്യവും യുവാവ് മനസിലായത്. സ്ത്രീ സത്യാവസ്ഥ പറഞ്ഞതോടെ സൗഹൃദത്തില്‍ നിന്ന് പിന്മാറാന്‍ യുവാവ് ശ്രമം തുടങ്ങി. ആഗസ്ത് 11-ന് സ്ത്രീ കാമുകനായ രജ്പുതിനെ കാണുന്നതിനായി ഫറൂഖാബാദില്‍ നിന്ന് മെയിന്‍പുരിയിലേക്ക് എത്തി. കുറച്ചുകാലമായി ഇവര്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അന്നും ആ വിഷയം സംസാരിച്ചുവെന്നും രജ്പുത് പൊലീസിനോട് പറഞ്ഞു. അന്ന് കടം തന്ന പണം തിരികെ ചോദിച്ചുവെന്നും യുവാവ് പറഞ്ഞു. വിവാഹ ആവശ്യവും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതോടെ സ്ത്രീയുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് അവര്‍ ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. കൊലയ്ക്ക് ശേഷം യുവാവ് സ്ത്രീയുടെ ഫോണ്‍ കൈക്കലാക്കി സിം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ പൊലീസ് പ്രതിയെ കണ്ടെത്തുകയും അറസ്റ്റുചെയ്യുകയുമായിരുന്നു.
