ഉഡുപ്പി: ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരൂരില്‍ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. സുസ്മിത (35), മകള്‍ ശ്രേഷ്ഠ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സുസ്മിതയുടെ ഭര്‍ത്താവ് കോടതി സംബന്ധമായ കാര്യങ്ങള്‍ക്കായി ബംഗളൂരുവിലേക്ക് പോയപ്പോഴാണ് സംഭവം നടന്നത്. മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 2009-ല്‍ കൊലപാതകശ്രമക്കേസില്‍ സുസ്മിതയുടെ ഭര്‍ത്താവിന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ഈ മനോവിഷമമാകാം അവര്‍ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതെന്ന് ഉഡുപ്പി എസ്.പി ഹരിറാം ശങ്കര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
