മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ട്രോളി ബാഗില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ നാല് ബാഗേജ് ഹാന്‍ഡ്ലിംഗ് ജീവനക്കാരെ ബാജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തില്‍ ലഗേജ് കയറ്റലും ഇറക്കലും ജോലി ചെയ്തിരുന്നവരാണ് നാലുപേരുമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് മോഷണം നടന്നത്. സിആര്‍പിഎഫ് ജവാന്‍ ഹരികേഷിന്റെ ഭാര്യ രാജേശ്വരി പത്മശാലിയുടെ ആഭരണങ്ങളാണ് സംഘം കവര്‍ന്നത്. ആഗസ്റ്റ് 30 ന് രാവിലെ 9.30 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിയപ്പോഴാണ് സംഭവം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു രാജേശ്വരി. ടെര്‍മിനലിന് പുറത്ത് ലഗേജ് എടുക്കുമ്പോള്‍ ട്രോളി ബാഗിന്റെ പൂട്ട് പൊട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ ഏകദേശം 4.5 ലക്ഷം രൂപ വിലമതിക്കുന്ന 56 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ അവര്‍ ബാജ്പെ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാല് വിമാനത്താവള ലോഡിംഗ് ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തില്‍ വച്ച് അനധികൃതമായി ബാഗ് തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും, മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കപ്പെട്ട നിരവധി പരാതികള്‍ നേരത്തെ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്താവള അധികൃതരുടെ മുമ്പാകെ പലതവണ പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
