തൃശൂര്‍: വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്നും ശബരിമലയിലെ യുവതീപ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
ഒരു വിശ്വാസത്തിനും എതിരായ നിലപാട് സി.പി.എം ഇന്നലെയും ഇന്നും എടുത്തിട്ടില്ല, നാളെയും എടുക്കില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്. വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികളെ കൂട്ടിപ്പിടിച്ചുവേണം വര്‍ഗീയവാദികളെ പ്രതിരോധിക്കാനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അയ്യപ്പഭക്തരുടെ പിന്തുണ അതിന് കിട്ടിയിട്ടുണ്ട്. വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നവരാണ് വര്‍ഗീയവാദികള്‍. വര്‍ഗീയവാദികളുടെ പ്രചാരവേലയ്ക്കൊപ്പം നില്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കിട്ടില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കോടതിവിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് യുവതീപ്രവേശന വിഷയത്തില്‍ അന്നുണ്ടായത്. ഇപ്പോള്‍ അതിലൂടെ കടന്നുപോകേണ്ട കാര്യമില്ല. അന്നുണ്ടായതിനെപ്പറ്റി ഒരു കാര്യവും പറയാനില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
