മുംബൈ: വിവാഹാലോചന സംസാരിക്കാമെന്ന വ്യാജേന യുവതിയുടെ കുടുംബം യുവാവിനെ വിളിച്ചുവരുത്തി അടിച്ച് കൊലപ്പെടുത്തി. രാമേശ്വര്‍ ഗെങ്കാട്ട് എന്ന 26-കാരനാണ് കൊല്ലപ്പെട്ടത്. ജൂലൈ 22-ന് പൂനെയ്ക്കടുത്തുള്ള പിംപ്രി ചിഞ്ച്വാഡിലെ സാങ്വി പ്രദേശത്തായിരുന്നു സംഭവം. സംഭവത്തില്‍ യുവതിയുടെ പിതാവ് ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണെന്നും ഗുജറാത്ത് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യുവതിയുടെ പിതാവ് പ്രശാന്ത് സര്‍സാര്‍ ഉള്‍പ്പെടെ 11 പേരാണ് കേസിലെ പ്രതികള്‍. മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സാങ്വിയിലെ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര കോലി പറഞ്ഞു. ഇവരുടെ ബന്ധു തന്നെയായിരുന്നു രാമേശ്വര്‍. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ യുവതിയുടെ കുടുംബം ബന്ധത്തെ എതിര്‍ത്തിരുന്നു. പോക്സോ കേസുകളടക്കം ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പമാണ് യുവാവ് യുവതിയുടെ കുടുംബത്തെ കാണാനെത്തിയത്. ചര്‍ച്ചക്കിടെ ക്രിമിനല്‍ സ്വഭാവത്തെ എടുത്ത് പറഞ്ഞത് യുവാവിന് ഇഷ്ടമായില്ല. തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതിയുടെ പിതാവും മറ്റുള്ളവരും രാമേശ്വറിനെ ഒരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ് രാമേശ്വറിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.
