മംഗളൂരു: മൂന്നുദിവസം മുമ്പ് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര പരിസരത്ത് നിന്ന് കാണാതായ യുവതിയുടെ മൃതദേഹം സൗപര്‍ണിക നദിയില്‍ കണ്ടെത്തി. ബംഗളൂരു ത്യാഗരാജ നഗറിലെ വസുധ ചക്രവര്‍ത്തി(46) ആണ് മരിച്ചത്. ഈമാസം 27 നാണ് യുവതി ഒറ്റയ്ക്ക് കാറില്‍ കൊല്ലൂരിലെത്തിയത്. ക്ഷേത്ര പരിസരത്തെ ലോഡ്ജിന് സമീപം കാര്‍ നിര്‍ത്തിയിട്ട് സൗപര്‍ണിക നദിയുടെ സമീപത്തേക്ക് പോവുകയായിരുന്നു. ഈ ദൃശ്യം സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. അങ്ങനെയാണ് നദിയില്‍ ഒഴുക്കില്‍പെട്ടിട്ടുണ്ടാകുമെന്ന സംശയമുയര്‍ന്നത്. മുങ്ങല്‍ വിദഗ്ധരും ഫയര്‍ സര്‍വീസ് സംഘവും നാട്ടുകാരും വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ചയും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് കാണാതായ സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റര്‍ അകലെ വനത്തിന് സമീപം മൃതദേഹം കണ്ടെത്തി. കാറില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് വീട്ടുകാരെ കുറിച്ച് വിവരം ലഭിച്ചത്. അതിനിടെ മകളെ ഫോണ്‍വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മാതാവ് കൊല്ലൂരിലെത്തിയിരുന്നു. ക്ഷേത്രപരിസരത്ത് അസ്വസ്ഥയായി കാണപ്പെട്ടിരുന്നുവെന്നും പിന്നീട് പെട്ടെന്ന് റോഡിലേക്ക് ഓടിപ്പോയതായും ക്ഷേത്ര ജീവനക്കാര്‍ അവരെ അറിയിച്ചു. തുടര്‍ന്ന് 29 ന് മാതാവ് കൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം ഉഡുപ്പിയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കൊല്ലൂരില്‍ അന്ത്യകര്‍മങ്ങള്‍ നടത്തി.
