മംഗളൂരു: രണ്ടുദിവസം മുമ്പ് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭര്‍തൃമതിയായ യുവതിയെ കാണാതായി. സൗപര്‍ണിക പുഴയിലെ ഒഴുക്കില്‍പെട്ട് കാണാതായി എന്നാണ് വിവരം. ബംഗളൂരു ത്യാഗരാജനഗറില്‍ താമസിക്കുന്ന സി.ആര്‍. ഗോവിന്ദരാജുവിന്റെ മകള്‍ വസുധ ചക്രവര്‍ത്തി(46)യാണ് കാണാതായത്. 28 ന് കൊല്ലൂരില്‍ എത്തിയ യുവതി ഒരു സ്വകാര്യ ലോഡ്ജിന് സമീപം കാര്‍ പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തില്‍ പോയിരുന്നു. ആഞ്ജനേയ ക്ഷേത്ര ശീകോവിലില്‍ കുറച്ചു സമയം ചെലവഴിച്ച ശേഷം, സൗപര്‍ണിക നദി കാണാന്‍ പോയി. അവിടെവെച്ച് കാണാതാവുകയായിരുന്നു. മൊബൈല്‍ ഫോണും മറ്റ് വസ്തുക്കളും യുവതിയുടെ കാറില്‍ നിന്ന് കണ്ടെടുത്തു. ഇതോടെ കാണാതായ ആളുടെ വിവരം ലഭിച്ചു. സൗപര്‍ണിക പുഴക്ക് സമീപത്തെ സിസിടിവിയില്‍ നിന്ന് യുവതി പുഴയില്‍ നീന്തിപ്പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. വളരെ ദൂരം നീന്തുന്നത് പതിഞ്ഞിരുന്നു. ശക്തമായ ഒഴുക്കില്‍ ഒലിച്ചുപോയോ എന്ന് വ്യക്തമല്ല. വിവരത്തെ തുടര്‍ന്ന് ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ മുങ്ങല്‍ വിദഗ്ധരും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് വെളളിയാഴ്ച വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതായ സ്ത്രീയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊല്ലൂര്‍ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
