മംഗളൂരു: കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യാനെത്തിയ കൊച്ചി സ്വദേശിയായ യുവാവ് മംഗളൂരുവില്‍ അറസ്റ്റില്‍. മട്ടാഞ്ചേരിയിലെ മൗലാന ആസാദ് റോഡ് സ്വദേശിയായ മുഹമ്മദ് അര്‍ഷാദ് ഖാനെ(29)യാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ദെര്‍ളക്കട്ടയിലെ വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ, ഹൈഡ്രോ വീഡ് കഞ്ചാവ്, എംഡിഎംഎ ഗുളികകള്‍ എന്നിവ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് വിതരണം ചെയ്യാനായി മംഗളൂരുവിലെ ദെര്‍ളക്കട്ടെയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചുവരികയായിരുന്നു പ്രതി. ഖാന്റെ കൈവശമുണ്ടായിരുന്ന 53.29 ഗ്രാം എംഡിഎംഎ, 2.33 ഗ്രാം ഹൈഡ്രോ വീഡ് കഞ്ചാവ്, 0.45 ഗ്രാം എംഡിഎംഎ ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് 10.85 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറയുന്നു. കൊണാജെ പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.
