ന്യൂഡല്‍ഹി: പ്രസാദത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു. ഡല്‍ഹി കല്‍ക്കാജിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കല്‍ക്കാജി ക്ഷേത്രത്തിലെ ജീവനക്കാരന്‍ യോഗേന്ദ്ര സിംഗിനെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് അടിച്ചുകൊന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ ക്ഷേത്ര ജീവനക്കാരന്‍ നിലത്ത് കിടക്കുന്നതും മൂന്ന് പേര്‍ ഇയാളെ വടികൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നതും കാണാം. ഒരാള്‍ തലയില്‍ തുടര്‍ച്ചയായി അടിക്കുന്നതും കാണാം. ക്ഷേത്രത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രതികള്‍ പ്രസാദം കഴിക്കാന്‍ ക്ഷേത്ര ജീവനക്കാരനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതികള്‍ വടികള്‍ ഉപയോഗിച്ച് ജീവനക്കാരനെ ആക്രമിച്ചു. ആക്രമണത്തിനിടെ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹര്‍ദോയി നിവാസിയായ യോഗേന്ദ്ര സിംഗ് 15 വര്‍ഷമായി കല്‍ക്കാജി ക്ഷേത്രത്തില്‍ സേവകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് സിംഗിനെ ഉടന്‍ തന്നെ ചികിത്സയ്ക്കായി എയിംസ് ട്രോമ സെന്ററിലേക്ക് കൊണ്ടുപോയിയെങ്കിലും മരണപ്പെടുകയായിരുന്നു.
