ലക്‌നൗ: സ്‌നേഹിച്ചുപോയാല്‍ പിന്നെന്തു ചെയ്യും? ഭാര്യ മരിച്ചപ്പോള്‍ അവരുടെ നേരെ ഇളയ സഹോദരിയെ വിവാഹം ചെയ്ത യുവാവിന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ഇളയ സഹോദിയെ കൂടി വിവാഹം കഴിക്കാന്‍ മോഹം വന്നു. പിന്നെ അതു മനസ്സില്‍ വച്ചു താമസിപ്പിച്ചില്ല. വിവരം ഭാര്യയോടു പറഞ്ഞു ആ മോഹം കൈയിലിരിക്കട്ടെ എന്ന് അവര്‍ മറുപടിയും പറഞ്ഞു. ഇതില്‍ നിരാശനായ യുവാവ് വീട്ടിനടുത്തു കൂടി കടന്നു പോവുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി വൈദ്യുതി കമ്പിയില്‍ ഇപ്പോള്‍ പിടിക്കും, ഇപ്പോള്‍ പിടിക്കുമെന്നു വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞു പൊലീസും ബന്ധുക്കളും നാട്ടുകാരും വൈദ്യുതി ടവറിനു താഴെ നിന്നു മേലോട്ടു നോക്കി അയാളോട് പിടിക്കല്ലേ എന്നു വിലപിച്ചു. വൈദ്യുതി കമ്പിയില്‍ പിടിക്കേണ്ടെങ്കില്‍ ഭാര്യയുടെ സഹോദരിയെ വിവാഹം കഴിച്ചു തരുമോ എന്ന് ടവറിലിരുന്ന് അയാള്‍ തിരിച്ചു ചോദിച്ചു. താഴെ നിന്നവര്‍ കമ്പിയില്‍ പിടിക്കല്ലേ, പിടിക്കല്ലേയെന്നും കമ്പിയില്‍ തൊട്ടാല്‍ ചത്ത് അതില്‍ തൂങ്ങി കിടക്കുമെന്നും ആവര്‍ത്തിച്ചു. എങ്കില്‍ ഭാര്യയുടെ ഇളയ സഹോദരിയെ കൂടി കല്യാണം കഴിച്ചു താ, താ എന്ന് അയാളും പ്രതികരിച്ചു കൊണ്ടിരുന്നു.
ഏഴു മണിക്കൂറിലധികം ഇരു ഭാഗത്തു നിന്നും പരസ്പരം അപേക്ഷ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ബന്ധുക്കളും പൊലീസും ചേര്‍ന്ന് ഇളയ സഹോദരിയെ കൂടി അയാള്‍ക്കു വിവാഹം കഴിച്ചു കൊടുക്കാന്‍ ധാരണയായി. ടവറിനു താഴെ നിന്ന് അവരതു ഉച്ചത്തില്‍ അയാളോടു പറഞ്ഞു. എങ്കില്‍ അവളെ താഴെ കൊണ്ടുവരാനായിരുന്നു അയാളുടെ അടുത്ത നിര്‍ദ്ദേശം. പൊലീസും ബന്ധുക്കളും അതിനും തയ്യാറായി. അങ്ങനെ ഇളയ സഹോദരി സ്ഥലത്തെത്തിയുടനെ അയാള്‍ വൈദ്യുതി ടവറില്‍ നിന്നിറങ്ങി. അപ്പോള്‍ തന്നെ ഭാര്യയുടെ ഇളയ സഹോദരിയെ കൂടി അചാരപരമായി അയാള്‍ വിവാഹവും കഴിച്ചു. പണ്ടെങ്ങോ താന്‍ കണ്ട ഒരു സിനിമയില്‍ കണ്ട ഇത്തരമൊരു സാഹസിക കഥയാണ് തന്നെ ഈ കടുംകൈക്കു പ്രേരിപ്പിച്ചതെന്നു ശ്വാസമടക്കി പിടിച്ചു നിന്ന നാട്ടുകാരോടും പൊലീസിനോടും പത്രക്കാരോടും അയാള്‍ പ്രതികരിച്ചു. ഭാര്യയുടെ ഇളയ സഹോദരി അത്രയ്ക്ക് തന്നെ സ്‌നേഹിച്ചുപോയി. ആ സ്‌നേഹത്തിനു മുന്നില്‍ താന്‍ കീഴടങ്ങുകയായിരുന്നു-അയാള്‍ പറഞ്ഞു.
യു പിയിലെ കനൗജില്‍ ഇന്നലെയാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. രാജ്‌സക്‌സേന എന്നയാളാണ് സ്‌നേഹത്തിന്റെ കരുത്ത് ബന്ധുക്കളെയും അധികാരികളെയും നാട്ടുകാരെയും കാണിച്ചു കൊടുത്തത്.
