കണ്ണൂര്‍: ഇരിക്കൂര്‍, കല്യാട്ടെ വീട്ടില്‍ നിന്നു കവര്‍ച്ച പോയ നാലുലക്ഷം രൂപയില്‍ നിന്നു രണ്ടു ലക്ഷം രൂപ മന്ത്രവാദിയുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടുപിടിച്ചു. കര്‍ണ്ണാടക, ഹുന്‍സൂരിലെ മന്ത്രവാദിയായ ജനാര്‍ദ്ദനയുടെ വീട്ടില്‍ ഡിവൈ എസ് പി ടി കെ ധനജ്ഞയബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഹുന്‍സൂരിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട ദര്‍ശിത (21)യാണ് പണം നല്‍കിയതെന്നാണ് മന്ത്രവാദി പൊലീസിനു നല്‍കിയ മൊഴി. വീട്ടില്‍ പല അനിഷ്ട സംഭവങ്ങളും ഉണ്ടാകുന്നുവെന്നു പറഞ്ഞാണ് ദര്‍ശിത തന്നെ കാണാന്‍ എത്തിയതെന്നും പ്രേതശല്യമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു മറുപടി നല്‍കിയതായും മന്ത്രവാദി പൊലീസിനോട് പറഞ്ഞു. പ്രേതത്തിന്റെ ശല്യം ഒഴിവാക്കുന്നതിനാണ് തനിക്കു പണം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരിക്കൂര്‍, കല്യാട്ടെ ഗള്‍ഫുകാരന്‍ സുഭാഷിന്റെ ഭാര്യയാണ് ദര്‍ശിത. കഴിഞ്ഞ വെള്ളിയാഴ്ച ഭര്‍ത്താവിന്റെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് 30 പവന്‍ സ്വര്‍ണ്ണവും നാലു ലക്ഷം രൂപയും കൈക്കലാക്കിയാണ് ദര്‍ശിത രണ്ടുവയസ്സുള്ള മകളെയും കൂട്ടി സ്ഥലം വിട്ടത്. കാമുകനായ സിദ്ധരാജുവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ദര്‍ശിതയെ ശനിയാഴ്ച ഹുന്‍സൂരിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പണവും സ്വര്‍ണ്ണവും കൈക്കലാക്കാനാണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്. ദര്‍ശിത ഭര്‍തൃവീട്ടില്‍ നിന്നു കവര്‍ന്ന രണ്ടു ലക്ഷം രൂപ മാത്രമാണ് തനിക്ക് നല്‍കിയതെന്നാണ് സിദ്ധരാജു പൊലീസിനു മൊഴി നല്‍കിയത്. ബാക്കി തുക എവിടെ പോയെന്ന അന്വേഷണത്തിനു ഒടുവിലാണ് കൊല്ലപ്പെടുന്നതിനു തലേന്നാള്‍ ദര്‍ശിത മന്ത്രവാദിയെ കണ്ടതും പണം നല്‍കിയതുമായ കാര്യം പൊലീസ് കണ്ടെത്തിയത്.
കൊലക്കേസ് ഹുന്‍സൂര്‍ പൊലീസും കവര്‍ച്ചാ കേസ് ഇരിക്കൂര്‍ പൊലീസുമാണ് അന്വേഷിക്കുന്നത്.
