ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വെള്ളിയാഴ്ച രാവിലെ വീണ്ടും ഉണ്ടായ മേഘ വിസ്ഫോടനം വന്‍നാശം വിതച്ചു. ചമോലി, രുദ്രപ്രയാഗ് ജില്ലകളിലാണ് മേഘ വിസ്‌ഫോടനം അനുഭവപ്പെട്ടത്. മേഘ വിസ്‌ഫോടനെത്തുടര്‍ന്നു കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായി. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു. കാണാതായവരില്‍ രണ്ടുപേര്‍ ദമ്പതികളാണ്. നിരവധി വീടുകള്‍ തകര്‍ന്നു. വളര്‍ത്തു മൃഗങ്ങളും മണ്ണില്‍ കുടുങ്ങിയിട്ടുണ്ട്. ചാമോലി ജില്ലയിലെ ദേവലിലാണ് മേഘ വിസ്‌ഫോടനം കനത്ത ദുരിതം വിതച്ചത്. രുദ്രപ്രയാഗ് ജില്ലയിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
