ജയ്പൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി പോയ കുടുംബം സഞ്ചരിച്ച വാന്‍ വഴിതെറ്റി പുഴയില്‍ വീണു 4 പേര്‍ മുങ്ങിമരിച്ചു. മരിച്ച രണ്ടുകുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയില്ല. ശക്തമായ ഒഴുക്കില്‍ വാഹനം ഒഴുകിപ്പോയി. ചിക്കോര്‍ഗഡ് ജില്ലയിലെ കനക്കേഡ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഭില്‍വാരയിലേക്കുള്ള ഒരു ആത്മീയ യാത്ര കഴിഞ്ഞ് ഒരു കുടുംബം മടങ്ങുമ്പോള്‍ പുഴക്ക് കുറുകെയുള്ള അടച്ചിട്ട പാലം കണ്ടപ്പോള്‍, കല്‍വെര്‍ട്ട് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. രക്ഷപ്പെട്ടവര്‍ പൊലീസിനെ വിളിച്ച് അറിയിച്ചശേഷമാണ് തിരച്ചില്‍ ആരംഭിച്ചത്. 9 യാത്രക്കാരില്‍ 5 പേര്‍ പൊങ്ങിക്കിടന്ന വാനിനു മുകളില്‍ കയറിയിരുന്നു. ഇവരെ പൊലീസ് രക്ഷിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി പാലം അടഞ്ഞു കിടക്കുന്നതിനാല്‍ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാതൃകുണ്ഡ്യ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ വെള്ളം കവിഞ്ഞൊഴുകിയിരുന്നു. ശക്തമായ ഒഴുക്കില്‍ വാന്‍ പാലത്തില്‍ വെള്ളം കയറിയിരുന്നതായും വാന്‍ ഒഴുകിപ്പോവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഗൂഗിള്‍ മാപ്പിനെ കണ്ണടച്ച് വിശ്വസിക്കുന്നത് സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.
