കാസർകോട്: നീലേശ്വരം, ചായ്യോം, നരിമാളത്ത് കരാറുകാരനായ സുരേഷ് പെരിങ്കുളത്തിന്റെ വീട്ടിൽ കവർച്ചയ്ക്ക് ശ്രമിച്ച കുപ്രസിദ്ധ അന്തർസംസ്ഥാന കവർച്ചക്കാരൻ അറസ്റ്റിൽ . പശ്ചിമബംഗാളിൽ സ്ഥിരതാമസക്കാരനും മൂവാറ്റുപുഴ സ്വദേശിയുമായ നൗഫലിനെയാണ് വ്യാഴാഴ്ച്ച പുലർച്ചെ നരിമാളത്തു വച്ച് നീലേശ്വരം എസ് ഐ കെ.വി.രതീഷും സംഘവും പിടികൂടിയത്. സുരേഷിന്റെ വീടിന്റെ പിന്നാമ്പുറത്തെ വാതിൽ തകർത്ത് അകത്തു കയറി മോഷണം നടത്താനായിരുന്നു നൗഫലിന്റെ ശ്രമം. എന്നാൽ പുലർച്ചെ മൂന്നുമണിയോടെ വീടിന്റെ പിന്നാമ്പുറത്തുനിന്നും ശബ്ദം കേട്ട സുരേഷ് ഉണർന്ന് ലൈറ്റ് ഇട്ടപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. വീടിന്റെ പിന്നാമ്പുറത്തെ വാതിലിന്റെ രണ്ട് ടവർ ബോട്ടുകൾ മോഷ്ടാവ് അറുത്തു മാറ്റിയിരുന്നു. സിസിടിവി പരിശോധിച്ചപ്പോൾ . മോഷ്ടാവിന്റെ ദൃശ്യങ്ങളും ലഭിച്ചു.ഉടൻ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്ഐ കെ വി രതീശനും സംഘവും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ നടത്തി. കനത്ത മഴ തടസ്സമായെങ്കിലും ടൗണുകളിലും കാടുകളിലും അരിച്ചു പെറുക്കി പരിശോധന നടത്തുന്നതിനിടയിൽ എത്തിയഓട്ടോറിക്ഷ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടയിൽ മോഷ്ടാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് ബലം പ്രയോഗിച്ച് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് പശ്ചിമ ബംഗാളിൽ സ്ഥിരതാമസമാക്കി ആഡംബര വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ കവർച്ചക്കാരൻ നൗഫൽആണെന്ന് തിരിച്ചറിഞ്ഞത് . ജൂൺ 11ന് മലപ്പുറം, അങ്ങാടിപ്പുറം, മില്ലുംപടിയിലെ വീട്ടിൽ നിന്നും 90 പവൻ സ്വർണാഭരണങ്ങൾ കവർന്നകേസിൽ ഇയാളെ മലപ്പുറം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കേസിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവർച്ചാശ്രമം നടത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി ഇയാൾക്ക് നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു .നേരത്തെ നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായിരുന്നു നൗഫൽ. ഇയാൾക്ക് അഞ്ചു ഭാഷകൾ സംസാരിക്കാനറിയാമെന്ന് പൊലീസ് പറഞ്ഞു . വർഷങ്ങളായി പശ്ചിമബംഗാളിൽ സ്വന്തമായി വീട് നിർമ്മിച്ച താമസിച്ചു വരുന്ന ഇയാൾ ഇടയ്ക്കിടെ കേരളത്തിലേക്ക് എത്തി ആഡംബര വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി മടങ്ങുകയാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറഞ്ഞു . കവർച്ച നടത്തുന്ന സ്വർണാഭരണങ്ങൾ പട്ടാമ്പി സ്വദേശിയായ ബഷീർ മുഖേനയാണ് വില്പന നടത്തിയിരുന്നതെന്നു നൗഫൽ പോലീസിനോട് സമ്മതിച്ചു. പൊലീസുകാരായ ജയേഷും മഹേഷും നൗഫലിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
