കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 1.312 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പുത്തിഗെ, അംഗഡിമുഗര്‍, പെര്‍ളാടം ഹൗസിലെ എം. രിഫായി (42)യെ ആണ് ബദിയഡുക്ക എസ് ഐ അഖിലും സംഘവും അറസ്റ്റു ചെയ്തത്. കൂട്ടുപ്രതിയായ നീര്‍ച്ചാല്‍, ബാപ്പാലിപ്പൊനത്തെ ബി എം സഹദ് എന്ന ആദു ഓടിപ്പോയതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 11.35മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് നെക്രാജെ, ചെര്‍ളടുക്ക ബസ് സ്റ്റോപ്പിനു സമീപത്ത് എത്തിയത്. ഓട്ടോ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗോകുല്‍, ശശി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജേഷ്, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
