മംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ട ശവസംസ്‌കാര ആരോപണ സംഭവത്തില്‍ നാടകീയ വഴിത്തിരിവ്. സാക്ഷി ചിന്നയ്യ തെളിവായി കോടതിയില്‍ ഹാജരാക്കിയ തലയോട്ടി മെഡിക്കല്‍ കോളേജില്‍ നിന്ന് വാങ്ങിയതെന്ന് എസ്‌ഐടി കണ്ടെത്തി. തലയോട്ടിക്ക് ഏകദേശം 40 വര്‍ഷം പഴക്കമുണ്ടെന്നും ദീര്‍ഘകാല ഉപയോഗത്തിനായി വാര്‍ണിഷ് പൂശിയിരിക്കുകയാണെന്നും വിദഗ്ധര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
ജൂലൈ 11 നാണ് ബെല്‍ത്തങ്ങാടി കോടതിയില്‍ തലയോട്ടി ഹാജരാക്കിയത്. ഈ ‘തെളിവ്’ കെട്ടിച്ചമച്ചതാണെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചിരിക്കുകയാണ്. ധര്‍മ്മസ്ഥലയിലെ കൂട്ട ശവസംസ്‌കാര സ്ഥലത്ത് നിന്ന് തലയോട്ടി കണ്ടെടുത്തതായി ചിന്നയ്യ തന്റെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ കോടതിയില്‍ അറിയിച്ചിരുന്നു. നൂറുകണക്കിന് മൃതദേഹങ്ങള്‍ അവിടെ കുഴിച്ചിട്ടിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ വെളിപ്പെടുത്തല്‍ രാജ്യവ്യാപകമായി കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ധര്‍മ്മസ്ഥലയിലെ 17 വ്യത്യസ്ത സ്ഥലങ്ങളില്‍ എസ്ഐടിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. അറസ്റ്റുചെയ്ത ചിന്നയ്യയെ ചോദ്യം ചെയ്തതോടെ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരം പുറത്തുവന്നു. അഭയം നല്‍കിയവര്‍ മുതല്‍ ഗൂഢാലോചന ആസൂത്രണം ചെയ്തവരില്‍ ഉള്‍പ്പെട്ടവര്‍ വരെയുള്ള നിരവധി പേരുകള്‍ ചിന്നയ്യ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാ മൊഴികളും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കൂട്ടുപ്രതികള്‍ക്ക് നോട്ടീസ് നല്‍കാന്‍ എസ്ഐടി ഒരുങ്ങുകയാണ്. അതിനിടെ, വ്യാഴാഴ്ച ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുവരുന്നതിനിടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ബെല്‍ത്തങ്കടി പൊലീസ് മഹേഷ് ഷെട്ടി തിമ്രോഡിക്ക് നോട്ടീസ് നല്‍കി. തിമ്രോഡി, ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി എന്നിവരുള്‍പ്പെടെ 16 ലധികം പേര്‍ ഈ കേസില്‍ പ്രതികളാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
