മംഗ്‌ളൂരു: യുവാവിനെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം പുഴയില്‍ തള്ളിയ കേസില്‍ ഭാര്യയെയും കൂട്ടാളിയെയും വധശിക്ഷയ്ക്ക് ശിക്ഷിച്ചു. മൃതദേഹം പുഴയിൽ തള്ളാൻ സഹായം ചെയ്ത മറ്റൊരു പ്രതിയെ ഏഴുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ഭദ്രാവതി, ജന്നാപുരയിലെ ലക്ഷ്മി (37), കൃഷ്ണ മൂര്‍ത്തി (38) എന്നിവരെയാണ് ഷിമോഗ ജില്ലാ സെഷന്‍സ് കോടതി (നാല് )വധശിക്ഷയ്ക്കു വിധിച്ചത്. കൂട്ടു പ്രതി ശിവമൂര്‍ത്തിയെ ആണ് ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. ഭദ്രാവതിയിലെ ഇംതിയാസ് അഹമ്മദ് (40) കൊല്ലപ്പെട്ട കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 2016 ജൂലായ് ഏഴിനാണ് ഇംതിയാസ് ഇരുമ്പു വടി കൊണ്ടുള്ള അടിയേറ്റു കൊല്ലപ്പെട്ടത്. പിന്നീട് കൃഷ്ണമൂര്‍ത്തി, ശിവമൂര്‍ത്തി എന്നിവരുടെ സഹായത്തോടെ മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് കേസ്.
അഞ്ചു വര്‍ഷം മുമ്പായിരുന്നു അന്യ മതസ്ഥനായ ഇംതിയാസ് അഹമ്മദും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. അതിനു ശേഷം ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പൊലീസ് കേസ്.
