ലഖ്‌നൗ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് യുവതിയെ തീ കൊളുത്തികൊന്നു. കഴിഞ്ഞ വ്യാഴാഴ്ച യുപി ഗ്രേറ്റര്‍ നോയിഡയില്‍ ആണ് സംഭവം. 35 ലക്ഷം സ്ത്രീധന തുക നൽകാത്തതിന് നിക്കി എന്ന യുവതിയെയാണ് ഭര്‍ത്താവും, ഭര്‍തൃമാതാവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ദാരുണ സംഭവം പുറംലോകം അറിയുന്നത്. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. സംഭവത്തെ തുടർന്ന് നിക്കിയുടെ മൂത്ത സഹോദരി കാഞ്ചൻ ആണ് പൊലീസിൽ പരാതി നൽകിയത്. ഇവരും ഇതേ കുടുംബത്തിൽ ആണ് വിവാഹിതയായി ചെന്നത്. 2016 ഡിസംബറില്‍ ആണ് നിക്കി വിവാഹിതയായത്. ആറുമാസത്തിനു ശേഷമാണ് സ്ത്രീധന പീഡനം ആരംഭിച്ചതെന്ന് സഹോദരിയുടെ പരാതിയിൽ പറയുന്നു. വിവാഹവേളയിൽ വിലകൂടിയ എസ്യുവിയും മറ്റ് വസ്തുക്കളും നൽകിയിരുന്നെങ്കിലും നിക്കിയുടെ ഭർതൃവീട്ടുകാർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടിരുന്നതായി കാഞ്ചൻ പരാതിയിൽ ആരോപിക്കുന്നു. വിവാഹശേഷം അവർ 35 ലക്ഷം രൂപ ചോദിച്ചു. ഞങ്ങൾ അവർക്ക് മറ്റൊരു കാർ നൽകി. എന്നാൽ, അവരുടെ ആവശ്യങ്ങളും പീഡനവും തുടർന്നുകൊണ്ടേയിരുന്നു, കാഞ്ചൻ ആരോപിച്ചു. നിക്കി ദീര്‍ഘകാലമായി പീഡനം സഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് വിപിന്‍ ഭാട്ടി മദ്യത്തിന് അടിമയാണെന്നും വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റ് 21 ന് രാത്രിയില്‍ നിക്കിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് അവളുടെ മേല്‍ പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വീട്ടിലെ സംഘർഷം മകൻ മൊബൈലിൽ പകർത്തിയിരുന്നു. നിക്കിയുടെ ഭർത്താവും മറ്റൊരു സ്ത്രീയും മുടിയിൽ പിടിച്ചു വലിക്കുന്നത് വീഡിയോവിൽ കാണാം. ക്രൂരമർദനത്തിനിരയാകുന്നതിന്റെയും ദേഹത്ത് തീപടർന്ന നിലയിൽ നിക്കി കോണിപ്പടിയിലൂടെ ഓടിയിറങ്ങുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ നിയമനടപടികള്‍ പുരോഗമിക്കുന്നു ഗ്രേറ്റര്‍ നോയിഡ എഡിസിപി സുധീര്‍ കുമാര്‍ പറഞ്ഞു.
