ന്യൂഡല്‍ഹി: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം.
ടിക് ടോക് നിരോധനം നീക്കി എന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ടിക് ടോക്കിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ചില ഉപയോക്താക്കള്‍ക്ക് വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിഞ്ഞെങ്കിലും ലോഗിന്‍ ചെയ്യാനോ അപ്ലോഡ് ചെയ്യാനോ വിഡിയോകള്‍ കാണാനോ കഴിഞ്ഞില്ല. ടിക് ടോക് ആപ്പ് സ്റ്റോറുകളിലും ലഭ്യമായിരുന്നില്ല. ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ ടിക് ടോക് ബ്ലോക്ക് ചെയ്തിട്ട് തന്നെയാണുള്ളതെന്നും എന്നാല്‍ ചിലര്‍ക്ക് ആക്സസ് ചെയ്യാന്‍ സാധിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും ടെലികോം വകുപ്പ് അറിയിച്ചു. 2020 ലെ ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്.
കഴിഞ്ഞയാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. യുഎസിന്റെ അമിത തീരുവ നയത്തിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും വീണ്ടും അടുത്തതായാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക, അതിര്‍ത്തി വ്യാപാരം വീണ്ടും തുറക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി പുനരാരംഭിക്കുക എന്നിവയില്‍ ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.
