ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ തീരോധാന കേസുകളില്‍ വന്‍ വഴിത്തിരിവ്. കൂട്ട ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നുവെന്ന് ആരോപിച്ച പരാതിക്കാരനായ മുന്‍ ശുചീകരണത്തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം കള്ളം പറഞ്ഞതാണെന്ന് പരാതിക്കാരായ ചിന്നയ്യ(50) മൊഴി നല്‍കി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് എസ്‌ഐടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്കടി എസ്‌ഐടി ഓഫീസില്‍ വച്ചാണ് ഇയാളെ ചോദ്യം ചെയ്തത്. ധര്‍മസ്ഥലയെന്ന ക്ഷേത്ര പട്ടണത്തില്‍ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്നാണ് ഇയാള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. വെളിപ്പെടുത്തലിനെ തുടര്‍ന്ന് എസ്‌ഐടി ധര്‍മ്മസ്ഥലയിലെ 13 ഇടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ ബല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കി.
