ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ സംശയാസ്പദമായ ദുരൂഹമരണങ്ങളും തിരോധാനങ്ങളും സംബന്ധിച്ച അന്വേഷണം പുരോഗമിക്കവെ മകളെ കാണാന്നില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയ സുജാത ഭട്ട് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധര്‍മസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി. തുടങ്ങിയവരുടെ പ്രേരണയാല്‍ താന്‍ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്‌ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്. അതേ സമയം ഇവരുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മകള്‍ അനന്യ ഭട്ടിനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂലൈ 15-നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. 2003-ല്‍ മകളെ കാണാതായി എന്നാണ് പരാതി ഉന്നയിച്ചത്. ധര്‍മ്മസ്ഥല ക്ഷേത്ര അധികാരികളുടെ കൈവശം ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന സ്വത്ത് മുത്തച്ഛന്റെ ഉടമസ്ഥതയിലായിരുന്നു. സ്വത്ത് പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് കള്ളപ്പരാതി നല്‍കേണ്ടി വന്നത്. എന്റെ ഒപ്പില്ലാതെ എന്റെ മുത്തച്ഛന്റെ സ്വത്ത് എങ്ങനെ വിട്ടുകൊടുത്തു എന്നതായിരുന്നു ഞാന്‍ ചോദ്യം ചെയ്തത്. തെളിവായി പുറത്തുവിട്ട പെണ്‍കുട്ടിയുടെ ഫോട്ടോയും വ്യാജമാണെന്നവര്‍ പറഞ്ഞു. അതിനുവേണ്ടി ആക്ടിവിസ്റ്റുകള്‍ എനിക്ക് പണമൊന്നും തന്നിട്ടില്ല. എന്റെ പരാതി ഇത്ര വലിയ തോതില്‍ വിവാദമാകുമെന്ന് എനിക്കറിയില്ലായിരുന്നു. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വേണ്ടി, ധര്‍മ്മസ്ഥലയിലെ ഭക്തര്‍ക്ക് വേണ്ടി, ഈ സംസ്ഥാനത്തെ ജനങ്ങളോടും മുഴുവന്‍ രാജ്യത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ധര്‍മസ്ഥലയോട് ചേര്‍ന്ന വനമേഖലയില്‍ നിരവധി പേരെ സംസ്‌കരിച്ചിട്ടുണ്ടെന്ന ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.
