കാസര്‍കോട്: കാസര്‍കോട് ജില്ലയെ ഞെട്ടിച്ച് രണ്ടു വന്‍ കവര്‍ച്ചാ കേസുകളിലെ മുഖ്യപ്രതിയായ യുവാവ് വീണ്ടും കവര്‍ച്ചാക്കേസില്‍ അറസ്റ്റില്‍. വെള്ളരിക്കുണ്ട് സ്വദേശിയായ അബ്ദുല്‍ ലത്തീഫ് (47)നെയാണ് മംഗ്‌ളൂരു ഡി സി ബി പൊലീസ് അറസ്റ്റു ചെയ്തത്. 2025 മാര്‍ച്ച് 26ന് ദേര്‍ളക്കട്ടയിലെ മുത്തൂറ്റ് ഫിനാന്‍സ് കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേസിലെ മറ്റു രണ്ടു പ്രതികളായ കാഞ്ഞങ്ങാട്ടെ അര്‍ഷാദ്, ഇടുക്കിയിലെ മുരളി എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മുത്തൂറ്റ് ഫിനാന്‍സിലാണ് കൊള്ളശ്രമം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചായിരുന്നു കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തേയ്ക്ക് കുതിച്ചെത്തിയതിനെ തുടര്‍ന്നാണ് കൊള്ളയടി ശ്രമം പരാജയപ്പെട്ടത്.
കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത് 2010 ഏപ്രില്‍ 14ന് ഉച്ചയ്ക്കായിരുന്നു. ജ്വല്ലറി കെട്ടിടത്തിന്റെ പിന്‍വശത്തെ ചുമര് തുരന്ന് അകത്തു കയറിയ കവര്‍ച്ചക്കാര്‍ 15 കിലോ സ്വര്‍ണ്ണാഭരണങ്ങളും മുക്കാല്‍ ലക്ഷത്തോളം രൂപയും കൊള്ളയടിച്ചാണ് സ്ഥലം വിട്ടത്. ജീവനക്കാര്‍ സമീപത്തുള്ള പള്ളിയിലേയ്ക്ക് ജുമാനമസ്‌ക്കാരത്തിനു പോയ സമയത്തായിരുന്നു കവര്‍ച്ച.2025സെപ്തംബര്‍ 26ന് ആണ് ചെറുവത്തൂര്‍ വിജയബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കിന്റെ താഴത്തെ നിലയുടെ സീലിംഗ് തുരന്നായിരുന്നു കവര്‍ച്ച. 19.75 കിലോ സ്വര്‍ണ്ണവും 2.95 ലക്ഷം രൂപയുമാണ് അന്നു കൊള്ളയടിച്ചത്.