കണ്ണൂര്‍: ഉരുവച്ചാല്‍ ഗ്രാമത്തെ ഞെട്ടിച്ച അരുംകൊലയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസില്‍ അജീഷിന്റെ ഭാര്യ പ്രവീണ(39) ഇന്ന് പുലര്‍ച്ചെ മരിച്ചത്. പെരുവളത്ത് പറമ്പ് പട്ടേരി ഹൗസില്‍ ജിജേഷ് (35) ആണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാളും പൊള്ളലേറ്റ് ആശുപത്രിയിലാണ്. ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയായ ജിജേഷ് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കാത്തയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. പ്രവീണയുമായി നേരത്തെ പരിചയവും സൗഹൃദവുമുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഒരേ കാലയളവില്‍ സ്‌കൂളില്‍ പഠിച്ച പെരുവളത്ത് പറമ്പ് സ്വദേശികളാണിവര്‍. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തമ്മില്‍ അടുത്ത പരിചയം പുലര്‍ത്തിയിരുന്നുവെന്നാണ് കേസ് അന്വേഷണം നടത്തുന്ന പൊലിസ് പറയുന്നത്. സൗഹൃത്തില്‍ നിന്ന് അടുത്തിടെ പ്രവീണ ഒഴിഞ്ഞു മാറിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഫോണ്‍ വിളിച്ചിട്ടു എടുക്കാത്തതും നമ്പര്‍ ബ്ളോക്ക് ചെയ്തതും വൈരാഗ്യത്തിനിടയാക്കി. അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടില്‍ ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് ജിജേഷ് എത്തിയത്.
പെട്രോള്‍ കുപ്പിയുമായി വീട്ടിലേക്ക് കയറി വന്ന ജിജീഷ് വെള്ളം കുടിക്കാന്‍ ആവശ്യപ്പെടുകയും ഈ സമയം അടുക്കളയില്‍ പോയ പ്രവീണയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.
പ്രവീണയുടെ നിലവിളി കേട്ടാണ് ആ സമയം വീട്ടിലുണ്ടായിരുന്ന ഭര്‍തൃ പിതാവും സഹോദരിയുടെ മകളും ഓടിയെത്തുന്നത്. വീണയുടെ വസ്ത്രം മുഴുവന്‍ കത്തിക്കരിഞ്ഞ് പൂര്‍ണമായും പൊള്ളിയ നിലയിലായിരുന്നു.
ഈ സമയം പ്രവീണയുടെ ഭര്‍തൃപിതാവും വീട്ടിലുണ്ടായിരുന്നു. ജിജേഷിന്റെ അരയ്ക്ക് താഴെയാണ് പൊള്ളലേറ്റത്. ജിജേഷിനെതിരെ പൊലീസ് വധശ്രമത്തിനാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. യുവതി മരണപ്പെട്ടതോടെ ഇനി കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് വിവരം.
