തിരുവനന്തപുരം: കുണ്ടംകുഴി സ്‌കൂളിലെ കുട്ടിയുടെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തില്‍ പ്രധാനാധ്യാപകനെ സ്ഥലം മാറ്റി. കാസര്‍കോട് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായ എം.അശോകയെ ജിഎച്ച്എസ്എസ് കടമ്പ സ്‌കൂളിലേക്ക് സ്ഥലം മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. അധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികള്‍ക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും അധ്യാപകരുടെയോ സ്‌കൂള്‍ മാനേജ്‌മെന്റിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി മധുസൂദനന്‍ കുണ്ടംകുഴി സ്‌കൂളിലെത്തി ഹെഡ്മാസ്റ്റര്‍ എം അശോകന്റെയും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയുടെ കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ബേഡകം പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് പൊലീസ് കേസെടുത്തത്. ബാലവാകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിരുന്നു.
