കാസര്‍കോട്: കുറ്റിക്കോല്‍ സ്വദേശിയുടെ നേതൃത്വത്തില്‍ വൊര്‍ക്കാടിയില്‍ നായാട്ടിനു എത്തിയ സംഘത്തെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശരാക്കിയശേഷം തോക്കും തിരകളും പണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വൊര്‍ക്കാടി, പുരുഷം കോടിയിലെ മുഹമ്മദ് റാഷിഖി (25)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ അനൂപ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. കുറ്റിക്കോല്‍ സ്വദേശി നിധീഷും സംഘവുമാണ് അക്രമത്തിനു ഇരയായത്. കേസില്‍ അംഗഡിപ്പദവിലെ സൈഫുദ്ദീന്‍ (29), കാസര്‍കോട്, ഹിദായത്ത് നഗറിലെ മൊയ്തീന്‍ എന്ന ചറുമുറു മൊയ്തീന്‍ (29), ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ മുഹമ്മദ് സുഹൈല്‍(28) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.