പയ്യന്നൂര്‍: 14000 ലിറ്റര്‍ ഡീസലുമായി സഞ്ചരിക്കുകയായിരുന്ന ടാങ്കര്‍ലോറി പയ്യന്നൂര്‍ കോത്തായിമുക്ക് ദേശീയപാതയില്‍ മറിഞ്ഞു. ഡ്രൈവര്‍ നീലേശ്വരത്തെ തസ്രീഫ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്സിന്റെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമൊഴിവായി. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് പോവുന്ന ഡീസല്‍ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. വീഴ്ചയുടെ ആഘാതത്തില്‍ ടാങ്കറിന്റെ മൂന്ന് ലീഡിലൂടെയും ഡീസല്‍ പുറത്തേക്ക് ഒഴുകിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പയ്യന്നൂരില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി.പി രാജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് അപകടം ഒഴിവാക്കിയത്.
രണ്ട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. റോഡിലെ ഗ്ലാസ് മാലിന്യങ്ങള്‍ നീക്കം ചെയ്ത സേനാംഗങ്ങള്‍ വെള്ളം പമ്പ് ചെയ്ത് റോഡില്‍ ഒഴുകിയ ഡീസല്‍ പൂര്‍ണമായും നീക്കുകയും ചെയ്തു. ചെറിയ സ്പാര്‍ക്ക് ഉണ്ടായാല്‍ പോലും വലിയ ദുരന്തത്തിനിടയാകുമെന്നതിനാല്‍ സേന ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് സ്ഥലം ശുചീകരിച്ചത്. മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.







