കാസര്‍കോട്:11കാരനെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ അറസ്റ്റില്‍. പെരുമ്പള, കുതിരില്‍, ഹൗസിലെ പി. അബ്ദുല്‍ ഹാരിസി(41)നെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി വിജയഭരത് റെഡ്ഡി, എ.എസ്.പി നന്ദഗോപന്‍ എന്നിവരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മാസം 29ന് ആണ് കേസിനാസ്പദമായ സംഭവം. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 11കാരനാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ അബ്ദുല്‍ ഹാരിസിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ഈ വിവരമറിഞ്ഞ് പ്രതി നാടുവിടുകയായിരുന്നു. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അബ്ദുല്‍ ഹാരിസ് വിദേശത്തേക്ക് കടക്കാനായി ഉത്തര്‍പ്രദേശ് സനാലി വിമാനത്താവളത്തില്‍ എത്തി. പ്രതിയെ തിരിച്ചറിഞ്ഞ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച് വിവരം കേരള പൊലീസിനെ അറിയിച്ചു. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വയ്ക്കാന്‍ കഴിയില്ലെന്നും എത്രയും വേഗത്തില്‍ഏറ്റുവാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിഷയത്തില്‍ ഇടപെട്ട് ഫ്‌ളൈറ്റ് ടിക്കറ്റ് ഏര്‍പ്പാടാക്കി. കാസര്‍കോട് എ.എസ്.പി നന്ദഗോപന്റെ സഹപാഠിയായ അയോധ്യ എ.എസ്.പിയും സഹായവുമായി രംഗത്തെത്തി. പൊലീസ് മേധാവിയുടെ പ്രത്യേക അനുമതിയോടെ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ ഉത്തര്‍ പ്രദേശില്‍ പറന്നിറങ്ങി. പ്രതിയുടെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ശേഷം വിമാനത്തില്‍ മംഗ്‌ളൂരുവിലേക്ക് തിരിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.
