മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്.
ഇതോടെ, അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് കോളേജില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം മൂന്നായി. അതേസമയം, കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരന്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഏഴ് വയസുകാരനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കുട്ടിയ്ക്ക് പനി ഭേദമാകുന്നത് വരെ നിരീക്ഷിക്കാനാണ് സൂപ്രണ്ടിന്റെ നിര്‍ദേശം. അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ 49 കാരന്റെ ആരോഗ്യനിലയിലും മാറ്റമില്ല. മുന്‍ കരുതലിന്റെ ഭാഗമായി ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.







