ന്യൂ ഡെൽഹി: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാവുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു (ബുധൻ)പാർലമെൻ്റിലവതരിപ്പിക്കും. കുറ്റകൃത്യങ്ങൾ ആരോപിച്ചു അറസ്റ്റ് ചെയ്യുകയും 30 ദിവസം കസ്റ്റഡിയിലാവുകയും ചെയ്താൽ 31-ാം ദിവസം അറസ്റ്റിലാവുന്ന മന്ത്രിമാർ അധികാര സ്ഥാനം സ്വയം രാജിവയ്ക്കണം. അല്ലെങ്കിൽ അവരെ പുറത്താക്കാനുള്ള അധികാരം നിയമം നിർദ്ദേശിക്കുന്നു. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ എന്നിവർ ഈ നിയമത്തിനു ബാധകമായിരിക്കും. ഗുരുതരമായ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലിലാവുകയോ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അധികാരസ്ഥാനങ്ങളിൽ നിന്നു നീക്കം ചെയ്യുന്നതു ഉറപ്പാക്കുന്നതാണു നിയമം . ഈ നിയമത്തിനുള്ള ബില്ലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്നു പാർലമെൻ്റിൽ അവതരിപ്പിക്കുന്നത്. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ മാത്രമേ ഭരണഘടനയനുസരിച്ചു ഇതുവരെ അധികാരസ്ഥാനങ്ങളിൽ നിന്നു നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ അറസ്റ്റിനു പരിഗണിക്കാവുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാമർശം ബില്ലിൽ ഇല്ലെന്നു പറയുന്നു. അതേ സമയം അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്നതും കൊലപാതകം, വൻ അഴിമതികൾ തുടങ്ങിയവ നിയമത്തിൻ്റെ പരിധിയിൽ വരും. ബില്ലിനെക്കുറിച്ചു ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ബുധനാഴ്ച രാവിലെ യോഗം ചേരുന്നുണ്ട്.
