ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിയ്ക്കിടെയാണ് സംഭവം. പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പൊലീസ് കയ്യോടെ പിടികൂടി. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ 35 കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആശുപത്രിയിലുള്ള രേഖ ഗുപ്തയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ ആഴ്ചയിലും മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചു നടക്കുന്ന ജന്‍ സുല്‍വായ് എന്ന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണം. രേഖ ഗുപ്ത അധികാരത്തിലേറിയതിന് ശേഷം എല്ലാ ബുധനാഴ്ചയും രാവിലെ ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ ഈ പരിപാടി നടക്കാറുണ്ട്. ഈ സമയത്ത് മുഖ്യമന്ത്രിയെ കാണാനും പരാതി ബോധിപ്പിക്കാന്‍ ആളുകള്‍ എത്തുന്നത് പതിവാണ്. ഇതിനിടെയായിരുന്നു ആക്രമണം. ഭാരമുള്ള വസ്തു ഉപയോഗിച്ച് മുഖത്തടിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ആക്രമണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പ്രതികരിച്ചു. ഡല്‍ഹിയിലെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മറുപടി പറയേണ്ടത് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് സ്വസ്ഥമായി പരാതി വാങ്ങാന്‍ പോലും പറ്റാത്ത നിയമസമാധാനമാണ് ഡല്‍ഹിയിലുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
