ചത്ത പാമ്പുകള്‍ക്ക് കടിക്കാനുള്ള ശേഷിയുണ്ടെന്ന് പുതിയ പഠനം. മൂര്‍ഖനും ശംഖുവരയനും ചത്തതിനു ശേഷവും ആറു മണിക്കൂര്‍ വരെ വിഷം വമിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പുതിയ കണ്ടെത്തല്‍. സൂവോളജിസ്റ്റായ സുസ്മിത ഠാക്കൂര്‍, ബയോടെക്‌നോളജിസ്റ്റ് റോബിന്‍ ദോലെ ഉള്‍പ്പെടെയുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ‘ഫ്രോണ്ടിയേഴ്‌സ് ഇന്‍ ട്രോപ്പിക്കല്‍ ഡിസീസ്’ എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ചത്ത പാമ്പിന്റെ കടിയേറ്റ മൂന്ന് സംഭവങ്ങളാണ് പഠനത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നത്. മൂന്ന് സംഭവവും നടന്നത് അസമിലാണ്. ചത്ത മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ രണ്ടുകേസുകളും ഒരു ശംഖുവരയന്റെ കടിയേറ്റതുമാണ് പഠനത്തില്‍ പറയുന്നത്. ഈ മൂന്നുപേര്‍ക്കും 20 ഡോസ് ആന്റിവെനം നല്‍കേണ്ടി വന്നുവെന്നും 25 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവെന്നും പഠനം വിശദീകരിക്കുന്നു. റാറ്റില്‍ സ്‌നേക്‌സ്, കോപ്പര്‍ഹെഡ്‌സ്, ഓസ്‌ട്രേലിയന്‍ റെഡ് ബെല്ലീഡ് ബ്ലാക്ക് സ്‌നേക്‌സ് തുടങ്ങിയവയ്ക്ക് ചത്തശേഷവും കടിക്കാന്‍ കഴിയും. മൂര്‍ഖനും ശംഖുവരയനും ഇതേ ശേഷിയുണ്ടെന്ന് തെളിയിക്കുന്ന ആദ്യ സംഭവങ്ങളാണ് അസമില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഡോ. സുരജിത് ഗിരി പറയുന്നു.
ഉഷ്ണരക്തമുള്ള ജീവികളില്‍ തല നഷ്ടമായാല്‍ ഏഴു മിനിറ്റില്‍ കൂടുതല്‍ തലച്ചോറ് സജീവമായിരിക്കില്ല. എന്നാല്‍, ഉഷ്ണരക്തവും സാവധാനത്തിലുള്ള ഉപാപചയവുമുള്ള പാമ്പുകളില്‍ തല വെട്ടിമാറ്റിയാല്‍ പോലും നാലുമുതല്‍ ആറുമണിക്കൂര്‍ വരെയും തലച്ചോറ് ജീവനോടെയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഈ അവസ്ഥയില്‍ തലയില്‍ തൊടുമ്പോള്‍ പോലും റിഫ്‌ലക്‌സ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കടിയേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
