കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടിക്കുളത്തെ അടച്ചിട്ട വീട്ടിൽ കണ്ടെത്തിയ പുരാവസ്തു ശേഖരത്തിനു പൊലീസ് കാവൽ ശക്തമാക്കി. ആർക്കിയോളജിക്കൽ സർവേ ഓഫ് സർവെ തൃശൂർ മേഖലാ അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് നടപടി. തിങ്കളാഴ്ച വൈകുന്നേരമാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നു വിളിപ്പാടകലെ ആൾ താമസം ഇല്ലാത്ത വീട്ടിൽ സുപ്രധാന പുരാവസ്തുക്കൾ ഉൾപ്പെട്ട നിധിശേഖരം പൊലീസ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ എംവി ശ്രീദാസും സംഘവും നടത്തിയ അന്വേഷണത്തിലാണ് അടച്ചിട്ട വീട്ടിലും സമീപത്തെ ഒറ്റമുറി ഷെട്ടറുള്ള കെട്ടിടത്തിലും പുരാവസ്തു ശേഖരം കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയ്ക്കിടയിൽ പാമ്പ് പ്രത്യക്ഷപ്പെട്ടതോടെ ദൗത്യം ഉപേക്ഷിക്കുകയും വീടും കടയും സീൽ ചെയ്യു കയായിരുന്നു. തുടർന്ന് ആർക്കിയോളജി അധികൃതരെ വിവരം അറിയിച്ചു. പരിശോധനയ്ക്കായി ആഗസ്ത് 24 ന് എത്താമെന്നാണ് ബന്ധപ്പെടവർ അറിയിച്ചിട്ടുള്ളത്.അതേസമയം കോട്ടിക്കുളത്തെ പുരാവസ്തു ശേഖരത്തെ കുറിച്ച് പല തരത്തിലുള്ള കഥകളും നാട്ടിൽ പ്രചരിക്കുന്നുണ്ട്. പത്മനാഭ സ്വാമിയുടെ തിരുവായുധങ്ങളും ടിപ്പു സുൽത്താന്റെ വാളും കാണിച്ച് സ്ഥലത്തെ ചിലർ കോടികൾ സമ്പാദിച്ചതായുള്ള കാര്യമാണ് പ്രചരിക്കുന്ന കഥകളിൽ പ്രധാനം. എന്നാൽ ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.







