മുംബൈ: അതിരൂക്ഷമായ മഴയെത്തുടര്‍ന്ന് കാലാവസ്ഥാവകുപ്പ് മുംബൈയില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചിടാനും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യാനും കോര്‍പറേഷന്‍ നിര്‍ദേശിച്ചു. മുംബൈ, താനെ, റെയ്ഗാഡ് എന്നിവടങ്ങളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുന്നറിയിച്ചു. അതിതീവ്രമഴയും വെള്ളപ്പൊക്കവും മുംബൈയില്‍ വിമാന സര്‍വീസിനെ പ്രതികൂലമായി ബാധിച്ചു. വിമാനത്താവളങ്ങളില്‍ വെളളം കെട്ടിക്കിടക്കുന്നതിനാല്‍ വിമാനങ്ങള്‍ വരുന്നതും പോകുന്നതും വൈകുമെന്ന് ഇന്‍ഡിഗോ എയര്‍ ലൈന്‍സ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി. ട്രെയിന്‍ സര്‍വീസും തടസപ്പെട്ടു. ബോറിവാലി, അന്ധേരി, സിയോണ്‍, ദാദര്‍, ചെമ്പൂര്‍ എന്നിവടങ്ങളില്‍ മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ വെള്ളത്തില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
