മധുര: യുവതിയെയും കാമുകനായ യുവാവിനെയും കാറിടിപ്പിച്ച് വീഴ്ത്തുകയും ഒരാൾ കൊല്ലപ്പെടുകയുംചെയ്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. യുവതിയുടെ പിതാവും മധുര സ്വദേശിയുമായ അഴകറിനെ(58)യാണ് പൊലീസ് അറസ്റ്റ്ചെയ്തത്. മകൾ രാഘവി(24), ബന്ധുവും ലിവ് ഇൻ പങ്കാളിയുമായ സതീഷ്കുമാർ(21) എന്നിവരെയാണ് കാറിടിപ്പിച്ചുവീഴ്ത്തി പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സതീഷ്കുമാർ മരിച്ചു. പരിക്കേറ്റ രാഘവി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി മധുരയിലെ മേലൂരിന് സമീപം ഹൈവേയിലായിരുന്നു സംഭവം. ഭർത്താവിന്റെ മരണ ശേഷം രാഘവി സതീഷ്കുമാറിനൊപ്പം ഒരുമിച്ച് ജീവിക്കുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. പ്രായക്കുറവുള്ള യുവാവിനൊപ്പം മകൾ താമസിക്കുന്നത് രാഘവിയുടെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. പല തവണ ഉപദേശിച്ചിട്ടും താമസം മാറാൻ തയ്യാറായില്ല. ഇതോടെ ഇരുവരും തിരുച്ചിറപ്പള്ളിയിലേക്ക് ഒളിച്ചോടി. എന്നാൽ, സതീഷ്കുമാറുമായുള്ള വിവാഹം നടത്തിത്തരാമെന്ന് ബന്ധുക്കൾ ഉറപ്പുനൽകി രാഘവിയെ തിരികെയെത്തിച്ചു. എന്നാൽ വീട്ടിലെത്തി ഉടനെ രാഘവിയെ കുടുംബാംഗങ്ങൾ വീട്ടിൽ പൂട്ടിയിടുകയായിരുന്നു. കാമുകനായ സതീഷിനെ കുടുക്കാനായി സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ പരാതി നൽകി.തുടർന്ന് എല്ലാവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അന്വേഷണത്തിൽ പരാതി കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ടതോടെ യുവതിയെയും യുവാവിനെയും വിട്ടയച്ചു. പ്രകോപിതരായ ബന്ധുക്കൾ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. കാർ കയറിയിറങ്ങി സതീഷ്കുമാർ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാഘവി രാജാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രാഘവിയുടെ സഹോദരൻ രാഹുലടക്കം കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
