ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടിലാണ് യോഗം ചേര്‍ന്നത്. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്ന സുദര്‍ശന്‍ റെഡ്ഡി ഹൈദരാബാദ് സ്വദേശിയാണ്. ബി.സുദര്‍ശന്‍ റെഡ്ഡി 1971 ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു. 2007ല്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2011-ന് വിരമിച്ചു. സി.പി.രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്ത മാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.
