പയ്യന്നൂര്‍: പയ്യന്നൂരില്‍ പാചകവാതക ഏജന്‍സിയിലെ ജീവനക്കാരനെ ആക്രമിച്ച് 2 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തളിപ്പറമ്പ്, മന്ന സ്വദേശി മുഹമ്മദ് അജ്മല്‍(22), കരിമ്പം ഗവ. ആശുപത്രിക്കു സമീപത്തെ റുഫൈദ് (22), മുയ്യം മുണ്ടേരിയിലെ മുഹമ്മദ് റിസ്‌വാന്‍ (18) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈ എസ് പി പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ യദുകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍, മഹാദേവ ഗ്രാമത്തിലെ സി കെ രാമകൃഷ്ണന്‍ ആണ് അക്രമത്തിനു ഇരയായത്. ശനിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. ചെറുകുന്ന് അന്ന പൂര്‍ണ്ണേശ്വരി ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ് രാമകൃഷ്ണന്‍. സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് പോകുകയായിരുന്നു രാമകൃഷ്ണന്‍. അമ്പലം- തെരുറോഡില്‍ എത്തിയപ്പോള്‍ ബൈക്കില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി. കഞ്ചാവ് വില്‍പ്പനയല്ലേ പണിയെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. അല്ലെന്നു പറഞ്ഞപ്പോള്‍ പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയും തള്ളി താഴെ ഇടുകയുമായിരുന്നു. ബഹളം വച്ചതോടെ അക്രമികള്‍ പണവുമായി ബൈക്കില്‍ രക്ഷപ്പെട്ടു. പരിക്കേറ്റ രാമകൃഷ്ണന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ അക്രമികളില്‍ ഓരാളെ പയ്യന്നൂര്‍ ടൗണില്‍ കണ്ടു പരിചയമുണ്ടെന്നു മൊഴി നല്‍കി. ഈ മൊഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമികളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്. കണ്ണൂരിലെ ബാറില്‍ വച്ച് മദ്യപിക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്. എസ് ഐ എം കെ ഗിരീഷ് കുമാര്‍, സ്‌പെഷ്യല്‍ എസ് ഐ മനോജന്‍, പൊലീസുകാരായ അബ്ദുല്‍ ജബ്ബാര്‍, പ്രമോദ് കടമ്പേരി എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
